കോഴിക്കോട്: വടകര ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം വനിതാ നേതാവ് കെകെ ശൈലജക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ശിക്ഷ വിധിച്ചു കോടതി. മെബിൻ തോമസിനെയാണ് ശിക്ഷിച്ചത്. 15,000 രൂപയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷിച്ചത്.
അതിനിടെ, കോടതി വിധിയിൽ പ്രതികരിച്ച് കെകെ ശൈലജ രംഗത്തെത്തി. വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്ന് ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യുഡിഎഫ് സൈബര്‍ വിംഗ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടിൽപ്പാലം സ്വദേശി മെബിന്‍ തോമസിനെ കോടതി ശിക്ഷിച്ചിരിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലായിരുന്നു വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടന്നിരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിര്‍ണായകമാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ. ഈ വ്യാജന്‍മാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കുമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ കെകെ ശൈലജ പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.